Feb 26, 2008

ആറാം ദിനത്തിലെ അബദ്ധം

ഇതൊരു അബദ്ധത്തിന്റെ കഥയാണ്. പ്രപഞ്ച സ്രഷ്ടാവിനു പറ്റിയ ഒരു തെറ്റ്‌. സൃഷ്ടിയുടെ സമയമായിരുന്നു അത്. ഓരോ ദിവസവും അവിടുന്ന് ഓരോ പുതിയ കാര്യങ്ങള്‍ സൃഷ്ടിച്ചു. ആദ്യം വെളിച്ചം, പിന്നെ ആകാശം ഭൂമി, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, ജലം, ജീവന്‍, പക്ഷികള്‍, മൃഗങ്ങള്‍, ഇഴജന്തുക്കള്‍, അങ്ങനെ ഓരോന്നും അവിടുന്ന് വളരെ മനോഹരമായി സൃഷ്ടിച്ചു. താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായെന്നു അവിടുന്ന് മനസ്സിലാക്കി. അങ്ങനെ ആദ്യത്തെ അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞു . ആറാം ദിവസം അദ്ദേഹം ഇതുവരെ താന്‍ സൃഷ്ടിച്ചതില്‍ വെച്ചേറ്റവും ശ്രേഷ്ടമായതും മഹനീയമായതുമായ ഒരു പുതിയ മൃഗത്തെ സൃഷ്ടിക്കുവാന്‍ വിചാരിച്ചു. ഭൂമിയിലെ സര്‍വ ജീവ ജാലങ്ങളുടെയും മേല്‍ ആ മൃഗത്തിനു അധികാരം കൊടുത്തു. എന്നാല്‍ സൃഷ്ടി കഴിഞ്ഞപ്പോള്‍ ആ മൃഗം വേറെ ചില പ്രത്യേകതകള്‍ ഉള്ളതായാണ് മാറിയത്. എന്തൊക്കെയായിരുന്നു ആ മൃഗത്തിന്റെ പ്രത്യേകതകള്‍ എന്നോ?

വിനയമില്ലാതെ പ്രാര്‍ത്തിക്കുകയും പ്രണയമില്ലാതെ പ്രാപിക്കുകയും തിന്നാന്‍ വേണ്ടിയല്ലാതെ കൊല്ലുകയും ചെയ്യുന്ന ഒരു മൃഗം. അതാരാണെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇപ്പോളെ മനസ്സിലായിട്ടുണ്ടാകുമല്ലോ?
അത് മനുഷ്യന്‍ തന്നെയാണ്. അത് തന്നെയാണ് ദൈവത്തിനു പറ്റിയ ഏറ്റവും വലിയ അബദ്ധം.

ഏറ്റവും മഹനീയമായ സൃഷ്ടിയായത് കൊണ്ടു അവിടുന്ന് അവനെ തന്റെ തന്നെ ചായയിലും രൂപത്തിലുമാണ് സൃഷ്ടിച്ചത്. അവന് ചിന്തിക്കുവാനുള്ള വിവേകം കൊടുത്തു. ഭൂമിയിലുള്ള എല്ലാത്തിന്റെയും മേല്‍ അവന് അധികാരം കൊടുത്തു. അതോടെ അവന്‍ അഹങ്കാരിയായി, വിനയമില്ലാത്തവനായി അവന്റെ പ്രാര്‍ഥനകള്‍ അഹങ്കാരം നിറഞ്ഞതായി.നമ്മളില്‍ എത്ര പേര്‍ ഇന്നു അല്പമെന്കിലും വിനയത്തോടെ ദൈവത്തോട് സംസാരിക്കുന്നവര്‍ ഉണ്ടാകും? പണവും പ്രതാപവും നിറഞ്ഞ നമ്മുടെ ഉത്സവങ്ങളും ആഘോഷങ്ങളും നമ്മുടെ വിനയമില്ലായ്മ തന്നെയല്ലേ കാണിക്കുന്നത്?

പ്രണയമില്ലാതെ പ്രാപിക്കുക എന്നുള്ളത് ഇന്നത്തെ കാലത്തു വളരെ പ്രസക്തമായ ഒന്നാണ്. എത്രയോ പെണ്‍ പീഡന കഥകള്‍ നിറഞ്ഞു നില്ക്കുന്ന നാടാണ്‌ നമ്മളുടെത് എന്ന് ഒന്നാലോചിച്ചു നോക്കിയാല്‍ മതിയാകും. ഇന്നു പ്രണയത്തിന്റെ പ്രധാന ലക്‍ഷ്യം മറ്റൊരാളുടെ സൌന്ദര്യമോ സമ്പത്തോ ആയി മാറിയിട്ടില്ലേ?

ഈ ലോകത്ത് മനുഷ്യരാണ് ഏറ്റവും അധികം കൊന്നിട്ടുള്ളത്. ഇതൊന്നും സ്വന്തം ഭക്ഷണത്തിന് വേണ്ടിയായിരുന്നില്ല. മറ്റെല്ലാ ജീവജാലങ്ങളും ഒരു കൊല നടത്തുന്നത് സ്വന്തം ആഹാര ആവശ്യങ്ങള്‍ക്ക് വേണ്ടിയാണു. എന്നാല്‍ ഇന്നു നാം നടത്തുന്ന യുദ്ധങ്ങളും കലാപങ്ങളും ആര്‍ക്കു വേണ്ടിയാണ്?

ഇനി നിങ്ങള്‍ പറയു ആറാം ദിനത്തിലെ സൃഷ്ടി തന്നെയായിരുന്നില്ലേ ഏറ്റവും വലിയ അബദ്ധം?

1 comment:

സുമുഖന്‍ said...

വിനയമില്ലാതെ പ്രാര്‍ത്തിക്കുകയും പ്രണയമില്ലാതെ പ്രാപിക്കുകയും തിന്നാന്‍ വേണ്ടിയല്ലാതെ കൊല്ലുകയും ചെയ്യുന്ന ഒരു മൃഗം.
:-))

ente kurippukal