Mar 17, 2008

നാടക വിലാപം

ഇതും ഒരു പഴയ ഓര്‍മയാണ്
ഞങ്ങളുടെ നാട്ടിന്‍ പുറത്തു ഒരു ശ്രീനാരായണ സംഘം ഉണ്ട് . എല്ലാ കൊല്ലവും ഓണത്തിനും വിഷുവിനും അവിടെ കലാപരിപാടികള്‍ ഉണ്ടാകാറുണ്ട്, എനിക്കേറ്റം ആദ്യമായി പാട്ടിനു ഒരു സമ്മാനം കിട്ടിയത് അവിടെ നിന്നായിരുന്നു. അത് ഞാന്‍ മൂന്നിലോ മറ്റോ പഠിക്കുമ്പോള്‍ ആണെന്ന് തോന്നുന്നു. ആദ്യമായി കിട്ടിയ കപ്പില്‍ ചായ കുടിക്കാം എന്ന് എന്റെ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന ചേട്ടന്‍ പറഞ്ഞു പറ്റിച്ചതും പിറ്റേന്നു നേരം വെളുത്തപ്പോള്‍ ആ കപ്പില്‍ തന്നെ എനിക്ക് ചായ വേണമെന്നു പറഞ്ഞു വാശി പിടിച്ചതും എനിക്കിപ്പോളും നല്ല ഓര്‍മയുണ്ട്‌.

പക്ഷെ ഇതു ഞാന്‍ പി ജി ക്ക് പഠിക്കുമ്പോള്‍ ഉള്ള കഥയാണ് പറയണേ. അത്തവണ ഒരു നാടക മത്സരം ഉണ്ടായിരുന്നു. എന്റെ ഒരു സുഹൃത്ത് ആണ് എന്നെ അതിലേക്ക് വിളിച്ചത്. എന്റെ ചേട്ടന്‍ നല്ല ഒരു അഭിനേതാവ് ആയിരുന്നത് കൊണ്ടാകാം അവര്‍ എന്നെ വിളിച്ചത്.( പാവം സിനിമാ നടനാകും എന്നൊക്കെ പറഞ്ഞു നടന്നു പത്തു കഴിഞ്ഞപ്പോള്‍ ജീവിതം നന്നായി അഭിനയിക്കുവാന്‍ വേണ്ടി ബോംബയിലേക്ക് വണ്ടി കയറേണ്ടി വന്നു). സ്കൂള്‍ ഓഫ് ട്രാമയിലെ ഒരു സാര്‍ ആണ് അന്ന് ഞങ്ങളുടെ ഗുരു. നാടക സംഘത്തില്‍ ഉള്ളവര്‍ ഭൂരിഭാഗവും തൊഴിലാളികളും. ഞാനും എന്റെ സുഹൃത്ത് അഭിലാഷ് , അനീഷ് എന്നിവര്‍ മാത്രമായിരുന്നു അതിലെ വിദ്യാര്തികള്‍.

നാടകം ഓ വി വിജയന്റെ പ്രശസ്തമായ ചെറുകഥ "കടല്‍ത്തീരത്ത്‌" .(ഇന്നും ഞാന്‍ മലയാളത്തില്‍ ഏറ്റവും അധികം ഇഷ്ടപെടുന്ന ചെറുകഥ അതാണ്).

ഞങ്ങളുടെ ഗുരു വളരെ കഴിവുള്ള ആളാണ്. അന്നുവരെ ഞങ്ങള്‍ കണ്ട രീതികളില്‍ നിന്നും വളരെ വ്യ്ത്യസ്ത്തമായ ഒരു വീക്ഷണം ഉള്ള ആള്‍. അഭിനയിക്കുന്നത് ഇഷ്ടമേ ഇല്ലാത്ത ഒരാള്‍. പകരം അദ്ദേഹം കുറെ ചിത്രങ്ങള്‍ തരും മനസ്സിലേക്ക്‌. അതില്‍ നിന്നും നാം സംഭാഷനങ്ങ്ല്‍ വികസിപ്പിച്ചു എടുക്കണം. ആ നാടകത്തിന്റെ മുഴുവന്‍ സ്ക്രിപ്ടും അങ്ങനെ ഞങ്ങള്‍ തയ്യാറാക്കിയത് ആയിരുന്നു.

ചെന്ന ഉടനെ കുറെ യോഗാഭ്യാസം ഉണ്ട്. അല്ലെന്കില്‍ കുറെ കളികള്‍. അത് കഴിഞ്ഞാണ് സ്ക്രിപ്റ്റ് വികാസം. അത്തരത്തില്‍ ഉണ്ടായ ചില രസകരങ്ങളായ കാര്യങ്ങള്‍ ആണ് ഞാന്‍ ഇവിടെ പറയുന്നതു.

ഒരു ദിവസം ചെന്നപ്പോള്‍ അദ്ദേഹം ഒരു പുതിയ കളി തന്നു. സ്ടേജില്‍ വെറുതെ അലഞ്ഞു നടക്കുക. പരസ്പരം കൂടിമുട്ടാതേ വേണം നടക്കാന്‍. പിന്നെ പതുക്കെ നടത്തത്തിന്റെ വേഗത കൂട്ടണം. പിന്നെ ഓടണം. അപ്പോളും മുട്ടാന്‍ പാടില്ല. പിന്നെ കുറച്ചു കഴിയുമ്പോള്‍ നിന്നിടത് തന്നെ നിന്നു ഓടണം. അതായത് കാലുകള്‍ ഓടുന്ന പോലെ ചലിപ്പിക്കണം. അതിന് അങ്ങേര്‍ ഒരു കഥ പറയും. നമ്മളെ ഒരാള്‍ കുത്താനായ് കത്തിയും കൊണ്ടു പിന്നാലെ വരുന്നു. അപ്പോള്‍ എന്ങിനാണ് നാം ഓടുക, നമ്മുടെ പിന്നില്‍ നിന്നും കൊണ്ടു അദ്ദേഹം അലറും, ഇതാ ഞാന്‍ നിങ്ങളെ കുത്തി വേഗം വേഗം, എന്നൊക്കെ.(ഭ്രാന്താണ് എന്ന് തോന്നനുടോ നിങ്ങള്ക്ക് കൂടുകാരെ?) പക്ഷെ ഞങ്ങള്‍ എല്ലാവരും നിന്നിടത് തന്നെ നിന്നു പൂര്‍വാധികം ശക്തിയോടെ ഓടുകയാണ്. അവസാനം ഞങ്ങള്‍ തളര്‍ന്നു വീഴാറായ്. മാഷ്‌ അപ്പോളും പിന്നില്‍ നിന്നും ആക്രോശിക്കുകയാണ്.കുറെ പേരൊക്കെ തളര്‍ന്നു വീണു. ഇടക്കെപ്പോലോ ഞാനും.

എല്ലാവരും വീണു കഴിഞ്ഞാല്‍ അദ്ദേഹം പതുക്കെ പറയും, 'ഇനി നിങ്ങള്‍ റിലാക്സ് ചെയ്യു. കണ്ണടച്ചു മനസ്സിനെ ശാന്തമാക്കൂ. ' ഒരു തരം ഹിപ്നോടിസിന്ഗ്. പതുക്കെ പതുക്കെ അദ്ധേഹം പറഞ്ഞു കൊണ്ടിരിക്കും.തളര്‍ന്നു കിടക്കുന്ന ഞങ്ങളുടെ മനസ്സു അപ്പോള്‍ സുതാര്യ്മായിരിക്കും എന്നാണ് അദ്ദേഹം കരുതുന്നെ. അങ്ങനെ ഉള്ള സമയത്താണ് അദ്ദേഹം ഒരു കഥാ തന്തു ഞങ്ങളുടെ മനസ്സിലേക്ക്‌ ഇട്ടു തരിക.അപ്പോള്‍ അതിനെ കുറിച്ചു നാം ചിന്തിക്കും, അത് ഒരു ചിത്രം പോലെ മനസ്സില്‍ തെളിയും, സംഭാഷണങ്ങള്‍ മനസ്സില്‍ കാണും. മറ്റെല്ലാവരും അങ്ങനെ ആണെന്കിലും ഞാന്‍ അഭിലാഷ് അനീഷ് , ഞങ്ങള്‍ മൂന്നുപേര്‍ക്കും ഇതൊരു വലിയ തമാശയാണ്.കൂട്ടത്തില്‍ അനീഷ് അവിടെ കിടന്നു ചിരിച്ചു കൊണ്ടേയിരിക്കും. അത് പാളി നോക്കുന്ന ഞങ്ങള്‍ രണ്ടു പേര്‍ക്കും ചിരി വരും. പ്രായത്തിന്റെ പക്വത കുറവാകാം ഇതിന്റെ കാരണം.

അന്ന് ഞങ്ങള്‍ തളര്‍ന്നു കിടന്നപ്പോള്‍ അദ്ദേഹം തന്നത്‌ ഒരു മരണ ചിത്രം ആയിരുന്നു. നമുക്കേറ്റവും ഇഷ്ടമുള്ള ഒരാള്‍ മരിച്ചെന്ന് കരുതാന്‍ പറഞ്ഞു അദ്ദേഹം. അതിനെ കുറിച്ചു മാത്രം ചിന്തിക്കുക, ആ അവസ്ഥ മനസ്സില്‍ കാണുക എന്നൊക്കെ അദ്ദേഹം പറയുന്നുണ്ട്.
ഞാന്‍ പതുക്കെ അനീഷിനെ പാളി നോക്കി. അവന്‍ പഴയപോലെ കിടന്നു ചിരിക്കുന്നുണ്ട്. അഭിലാഷും ചിരി തന്നെ. ഇന്നു ഞങ്ങള്ക്ക് ചീത്ത കേള്‍ക്കാന്‍ സാധ്യത ഉണ്ടെന്നു എനിക്ക് തോന്നി.
അദ്ദേഹം ആ ചിത്രങ്ങള്‍ മനസ്സിലേക്ക്‌ ആവാഹിക്കുകയാണ്‌. ഇവിടെ ഞങ്ങള്‍ കിടന്നു തമാശയും. പക്ഷെ പതുക്കെ ഞങ്ങളുടെ മന്സ്സ്സിലെക്കും ആ ചിത്രങ്ങള്‍ കടന്നുകയറി. മരിച്ചു കിടക്കുന്ന അമ്മ, അങ്ങനെ ഒരു നടുക്കുന്ന ചിത്രം! ചുറ്റും ബന്ധു മിത്രാധികള്‍ , കരഞ്ഞു തളര്‍ന്ന പെങ്ങന്മാര്‍. എല്ലാം ഒരു ഫിലിം പോലെ മനസ്സില്‍ നിറയുന്നു. പെട്ടെന്ന് ചില കരച്ചിലുകള്‍ കേള്ക്കുന്നു. ഞാന്‍ പതുക്കെ കണ്ണ് തുറന്നു നോക്കി. സതീശന്‍ ചേട്ടനാണ്, കരച്ചിലിനു ആരംഭം കുറിച്ചത്, പിന്നെ പിന്നെ പതുക്കെ എല്ലാവരും കരച്ചില്‍ ആരംഭിച്ചു, ഞാന്‍ അനീഷിനെയും അഭിലാഷിനെയും നോക്കി, അവര്‍ അപ്പോളും ചിരിയാണ്. ഇവന്മാരെകൊണ്ട് തോറ്റു. ഞാന്‍ വീണ്ടും കണ്ണടച്ചു.കുറച്ചു കഴിഞ്ഞപ്പോള്‍ അഭിലാഷിന്റെ തേങ്ങല്‍, പിന്നെ അനീഷ് , അത്രയുമായപ്പോള്‍ ഞാനും കരഞ്ഞു,
കരച്ചില്‍ ഒരു കൂട്ടകരച്ചില്‍ ആയി മാറി തുടങ്ങി.

ചുമ്മാ അഭിനയിക്കുകയാണ് അനീഷും അഭിലാഷുംഎന്ന് കരച്ചിലിനിടയിലും അവരുടെ ചിരി കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി, എന്റെ സ്ഥിതിയും മറ്റൊന്നല്ല, പക്ഷെ മറ്റുള്ളവര്‍ പൊട്ടികരഞ്ഞു കൊണ്ടിരിക്കുന്നു.
പെട്ടെന്ന് മാഷിന്റെ ഉയര്ന്ന സ്വരം' ഇനി എല്ലാവരും കരച്ചില്‍ നിറുത്തൂ, പതുക്കെ റിലാക്സ് ചെയ്യൂ' എന്നൊക്കെ
(ആളുകള്‍ ഓടിക്കൂടുമെന്നു അങ്ങേര്‍ക്കും തോന്നിയിട്ടുണ്ടാകും.) പറഞ്ഞു കേട്ടതും ഞങ്ങള്‍ മൂന്നു പേരും കരച്ചില്‍ നിറുത്തി.പതുക്കെ മറ്റുള്ളവരും.അന്തരീക്ഷം ശാന്തമായി

അപ്പോളാണ് ഒരു പൊട്ടികരച്ചില്‍, നോക്കുമ്പോള്‍ ബിജു ചേട്ടന്‍ ആണ്. കക്ഷി മാത്രം കരച്ചില്‍ നിരുതുന്നില്ല, മാത്രവുമല്ല അലമുറയിട്ടു കരയാണ്‌. എല്ലാവരും ഒന്നു ശങ്കിച്ചു നില്ക്കുന്നു. പിന്നെ അങ്ങേരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ ബിജു ചേട്ടന്‍ നെഞ്ചത്ത് അടിച്ച് എണ്ണി പറുക്കി ഉറക്കെ ഉറക്കെ അച്ഛനെ വിളിച്ചുകൊണ്ടു കരയുന്നു. മാഷ്‌ ആകെ അയ്യടാ എന്നായി, അദ്ദേഹവും ബിജുവിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്, പക്ഷെ കൂടുതല്‍ ഉച്ചത്തോടെ പൂര്‍വാധികം ശക്തിയോടെ ബിജു ചേട്ടന്‍ കരയുന്നു.
'സംഭവം സീരിയസ് ആയിന്ന തോന്നണേ' അനീഷ് പറഞ്ഞു. സംഭവം പന്തികെടാണെന്നു ഞങ്ങള്‍ക്കും തോന്നിത്തുടങ്ങി.

പെട്ടെന്ന് കരച്ചിലിനിടയില്‍ ബിജു ചേട്ടന്‍ വിക്ക്കി വിക്കി പറയുന്നു.

ഹെന്റമ്മേ! എനിക്ക് , എനിക്ക് വയ്യായേ, ആരെങ്കിലും എനിക്ക് , എനിക്കൊരു കാജാ ബീഡി താ'

ഞങ്ങള്‍ ഒക്കെ അന്തം വിട്ടു പോയത് അപ്പോളാണ്. അപ്പോഴേക്കും ആരോ ഒരാള്‍ ഒരു കാജാ ബീഡി കൊടുത്തു. അത് കത്തിച്ചു ഒരു പുക വിട്ടു അദ്ദേഹം തളര്‍ന്നിരുന്നു. അങ്ങനെയാണ് അദ്ദേഹം അന്ന് കരച്ചില്‍ നിറുത്തിയത്‌.

സത്യത്തില്‍ എന്തിനാണ് അന്ന് ബിജു ചേട്ടന്‍ കരഞ്ഞത് എന്ന് ഞങ്ങള്ക്ക് ഇപ്പോളും അറിയില്ല. കാജാബീടിക്ക് വേണ്ടിയോ അതോ അഭിനയം ശരിക്കും തലക്ക് പിടിച്ചതോ?

7 comments:

ശ്രീ said...

തമാശയാകാനിടയില്ല. ഉപബോധ മനസ്സ് നമ്മുടെ മനസ്സിന്റെ നിയന്ത്രണമേറ്റെടുക്കുന്ന ചില അവസരങ്ങളിലൊന്നാകാം അത്. പ്രത്യേകിച്ചും ആ ഒരു അവസ്ഥയില്‍...

വേതാളം.. said...

ശരിയാകാം ശ്രീ, പാവം ബിജു ചേട്ടന്‍ അന്ന് ഒത്തിരി വിഷമിചിട്ടുണ്ടാകാം

എന്തായാലും അഭിപ്രായത്തിനു നന്ദി, ശ്രീ മാത്രേ ഉണ്ടാവു എന്ന് തോന്നുന്നു, എന്റെ പോസ്റ്സ് വായിക്കാന്‍

ഹി ഹി ഹി ;

Sharu (Ansha Muneer) said...

ഞാനും വന്നു ഇതു വായിക്കാന്‍.... എന്തിനാകും കരഞ്ഞത്...ആവോ..ഒരു പക്ഷെ ശ്രീ പറഞ്ഞതു തന്നെയാകും കാരണം...:)

ഹരിശ്രീ said...

മാഷേ,

എന്തായാലും സംഗതി കൊള്ളാം...
നല്ല ഓര്‍മ്മക്കുറിപ്പ്...

ആ‍ശംസകള്‍...

വിന്‍സ് said...

ഹഹഹഹ

Rare Rose said...

എന്തൊരു വ്യത്യസ്ഥനായ ഗുരു..അദ്ദേഹത്തിന്റെ അഭിനയപരീക്ഷണരീതികള്‍ എത്ര അപൂര്‍വം..ഗുരു പറഞ്ഞപോലെ ആ ചേട്ടന്‍ മനസ്സിനെ തീര്‍ത്തും സുതാര്യമാക്കി ആ മരണം മനസ്സില്‍ ഏറ്റെടുത്തു കാണും...അതായിരിക്കും ആ അവസ്ഥയ്ക്കു പിറകില്‍...എന്നിട്ടു “കടല്‍ത്തീരത്തു “ നന്നായി അവ‍തരിപ്പിക്കാനായോ??..:-)

വേതാളം.. said...

ഹരിശ്രീ നന്ദി

വിന്‍സ് സ്വാഗതം

റെയര്‍ റോസ്, അദ്ദേഹം വളരെ വ്യത്യസ്തനായ ഒരു ഗുരു തന്നെയായിരുന്നു.

ആദ്യമൊക്കെ ഞങ്ങള്‍ക്കു ഒരു തമാശയായ് തോന്നിയിരുന്നെന്കിലും പിന്നിട് ഞങ്ങള്‍ അത് മനസ്സാ വരിച്ചു.

വേറെയും പ്രത്യേകതകള്‍ ആ നാടകത്തിനു ഉണ്ടായിരുന്നു. അതില്‍ മൈക്ക് എന്നൊരു സാധനം ഉപയോഗിച്ചിരുന്നില്ല. അത് കൊണ്ടു ഞങ്ങള്‍ സംഭാഷണങ്ങള്‍ മുഴുവന്‍ വളരെ ഉറക്കെ എന്നാല്‍ അതിലെ വികാരങ്ങള്‍ ഒട്ടും തന്നെ നഷ്ടപെടാതെ അഭിനയിക്കുകയും വേണായിരുന്നു. പിന്നെ വെളിച്ചത്തിനു വളരെ വലിയ പന്തങ്ങള്‍ ആണ് ഉപയോഗിച്ചത്. അങ്ങനെ തീര്‍ത്തും വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു.ഞങ്ങള്‍ക്കു രണ്ടാം സമ്മാനം ആണ് അന്ന് കിട്ടിയത്.

ente kurippukal