അന്ന് ഓഗസ്റ്റ് പതിനഞ്ച് ആയിരുന്നു, ചേച്ചിയാണ് എന്നെ ഉറക്കത്തില്‍ നിന്നും വിളിച്ചു എഴുന്നെല്പ്പിച്ചത് . അന്നത്തെ പരിപാടികളെ കുറിച്ചു ചേച്ചി മുന്നേ തന്നെ വ്യക്തമായ പ്ലാന്‍ ഉണ്ടാക്കിയിരുന്നു. ചേച്ചി അന്ന് ഒല്ലുരിലെ സെന്റ് രാഫേല്‍ സ്കൂളില്‍ അന്ചാം തരത്തില്‍ പഠിക്കുന്നു. ഞാന്‍ എന്റെ നാട്ടിന്‍പുറത്തെ എല്‍ പി സ്കൂളില്‍ രണ്ടാം ക്ലാസ്സിലും.അന്ന് ഒരു പാടു മിട്ടായി കിട്ടുന്ന ദിവസമായതുകൊണ്ട് എനിക്കേറ്റം സന്തോഷമുള്ള ദിവസമാണ്. എല്ലാ കാര്യ്നങളും ചെയ്യാന്‍ ഒരു പ്രെത്യേക ഉത്സാഹം. (അല്ലെന്കില് ഞാന്‍ പല്ലു തേക്കാന്‍ രണ്ടു മണിക്കൂര്‍ വായില്‍ ഉമിക്കരിയും ഇട്ടു ഇരിക്കാറുണ്ട്, പിന്നിട് അപ്പന്റെ കയ്യില്‍ നിന്നും നല്ല തല്ല് അതിന് കിട്ടിയതില്‍ പിന്നെയാണ് ആ നല്ല ശീലം ഞാന്‍ മാറ്റിയത്).
ചേച്ചിയുടെ പ്ലാന്‍ ഇങ്ങനെ ആയിരുന്നു: ആദ്യം വീടിനു അടുത്തുള്ള മഹിളാസമാജതില് പോകണം. അവിടെ ഉരുണ്ട ഓറഞ്ചു നിറത്തിലും സ്വാദിലുംഉള്ള മിട്ടായി ആണ് കിട്ടുക. ഞങ്ങള്‍ രണ്ടു പേരും ആദ്യമായി അക്ഷരങ്ങള്‍ പഠിച്ചത് അവിടെ നിന്നാണ്. അവിടെ മിട്ടായി കൊടുക്കുന്നത് വളരെ രസമുള്ള രീതിയില്‍ ആണ്. ഉയര്‍ത്താനുള്ള പതാകയില്‍ മിട്ടായിയും പൂക്കളും കെട്ടി വെക്കും. പിന്നെ ജന ഗണ മന പാടി കൊടി ഉയര്‍ത്തും. ഞങ്ങള്‍ എല്ലാം മുകളിലേക്ക് നോക്കി നില്ക്കുമ്പോള് ദാവരുന്നു മിട്ടായിയും പൂക്കളും ഒക്കെ . പിന്നെ ഒരു മത്സരമാണ്. മിക്കപ്പോഴും എന്റെ ചേച്ചിക്ക് തന്നാ ഏറ്റവും കൂടുതല്‍ മിട്ടായി കിട്ടുക, പക്ഷെ ആരേലും ചോദിച്ചാല്‍ ഒന്നോ രണ്ടോ കിട്ടി എന്നെ പറയാവു എന്ന് ചേച്ചി എന്നെ ശട്ടം കെട്ടിയിട്ടുണ്ട്.
അത് കഴിഞ്ഞാല്‍ രണ്ടാമത്തെ സ്ഥലം ജോസ് ചേട്ടന്റെ എണ്ണ കമ്പനി ആണ്. അവിടെ അല്പം കൂടി വില കൂടിയ മിട്ടായി ആണ് കൊടുക്കുക. പിന്നെ ഞാന്‍ പഠിക്കുന്ന സ്കൂളിലേക്ക് പോകണം. അവിടെ എനിക്ക് അസംബ്ലി ഉണ്ട്. രണ്ടു കയ്യിലും രിബന്‍ ഒക്കെ കെട്ടി ലീഡര്‍ പറയുന്നതു കേട്ടു അതുപോലെ ചെയ്യണം. അവിടെ നാരങ്ങാ മിട്ടായി ആണ് കിട്ടുക. അത് കഴിഞ്ഞാല്‍ തൊട്ടപ്പുരത്തുള്ള പള്ളിയില്‍ പോയി അച്ഛനെ കണ്ടു അവിടെ നിന്നും വാങ്ങാം.ഇതൊക്കെയാണ് ചേച്ചിയുടെ മാസ്റെര്‍ പ്ലാന്‍സ്.
ഒരു കയ് നിറയെ മിട്ടായിയും സ്വപ്നം കണ്ടു കൊണ്ടാണ് അന്ന് ഞാന്‍ എഴുന്നേറ്റത് തന്നെ. പെട്ടെന്ന് തന്നെ എല്ലാം കഴിച്ചു ഞാനും ചേച്ചിയും കൂടി ഇറങ്ങി. അപ്പുറത്ത് നിന്നും പ്രവീനും പ്രിയ ചേച്ചിയും ഉണ്ട് ഞങ്ങളുടെ കൂടെ. നേരെ മഹിളാ സമാജതിലേക്ക്;
പതിവു പോലെ മിട്ടായിയും വിടരുന്നത് നോക്കി ഞങ്ങള്‍ മുകളിലേക്ക് നോക്കി നിന്നു. താഴെ വീണപ്പോള്‍ ഞാന്‍ ശരിക്കും അധ്വാനിച്ചു , എനിക്കന്നു നാലെണ്ണം കിട്ടിയെന്നാണ് എന്റെ ഓര്മ. പതിവിനു വിപരീതമായി ചേച്ചിക്ക് അന്ന് രണ്ടെന്നമേ കിട്ടിയുള്ളൂ. ഞാന്‍ അല്പം അഹങ്കാരത്തോടെ തന്നെ ചേച്ചിയെ നോക്കി ചിരിച്ചു. ചേച്ചി പറഞ്ഞു ' അവര്‍ക്കൊന്നും കാണിച്ചു കൊടുക്കണ്ട, എന്റെല് താ ഞാന്‍ എടുത്തു വെക്കാം. എല്ലാ മിട്ടായിയും കൂടെ നമുക്കു വീട്ടില്‍ ചെന്നിടു തിന്നാല്‍ മതി. അല്ലേല്‍ അവര്‍ക്കൊക്കെ കൊടുക്കണ്ടി വരും , മനസ്സിലായോ?, ഒക്കെ കൊതിച്ചികള്‍ ആണ്. മാത്രോല്ലാ നിന്റെ കയ്യില്‍ നിന്നും അവര്‍ തട്ടി പറിക്കേം ചെയ്തേക്കാം.' അത് ശരിയാണെന്ന് എനിക്കും തോന്നി. കാരണം ചേച്ചിയെ അവര്‍ക്കൊക്കെ ഒരിത്തിരി പേടിയുണ്ട്. അവള്ടെ കയ്യിന്നും ആരും വാങ്ങില്ല. ഞാന്‍ വേഗം അതൊക്കെ ചേച്ചിടെ കയ്യില്‍ കൊടുത്തു.
പിന്നെ ഒരോട്ടമാണ് ജോസ് ചേട്ടന്റെ എണ്ണ കമ്പനിയിലേക്ക്. പക്ഷെ അവിടെ ചെന്നപ്പോള്‍ ഞങ്ങള്‍ നിരാശരായി. കാരണം അവിടെ ഒരനക്കവുമില്ലായിരുന്നു. ഗേറ്റ് പൂട്ടിയിട്ടിരിക്കുകാ. ചേച്ചി പറഞ്ഞു ' വാ സമയമില്ല നമുക്കു നിന്റെ സ്കൂളിലേക്ക് പോകാം അസ്സംബ്ലി തുടങ്ങാരായിട്ടുണ്ടാകും.'
പിന്നെ സ്കൂളിലേക്ക് പോയി. അവിടെ നിന്നും ഒരു കയ് നിറയെ മഞ്ഞയും ഓറഞ്ചു നിറത്തിലുള്ള നാരങ്ങാ മിട്ടായി ആണ് കിട്ടിയത്. ഞാന്‍ അസ്സംബ്ലിയില്‍ പോയി.അത് കഴിഞ്ഞു പള്ളിയില്‍ പോയി അച്ഛനെ കണ്ടു അവിടെ നിന്നും കിട്ടി രണ്ടു മിട്ടായി. ഒക്കെ ഞാന്‍ ചേച്ചിയെ ഏല്പിച്ചു. പിന്നെ ഞങ്ങള്‍ എല്ലാരും വീട്ടിലേക്ക് തിരിച്ചു. അപ്പോഴാണ് ഓരോരുത്തരും അവരവര്‍ക്ക് കിട്ടിയ മിട്ടായിയുടെ കണക്കു കാണിക്കുക. പ്രിയ ചേച്ചി ചോദിച്ചു നിനക്കു എത്ര മിഠായി കിട്ടി?' ചേച്ചി രണ്ടെണ്ണം എടുത്തു കാണിച്ചു പറഞ്ഞു 'ഇതേ കിട്ടിയുള്ളൂ. എന്താ തിരക്ക്? ' അത് നുണ ആണെന്ന് എനിക്കറിയാം, പ്രിയ ചേച്ചിക്കും അറിയാം എന്നാലും അവര്‍ ഒന്നും മിണ്ടില്ലാ. ചേച്ചിടെ ബുദ്ധി ഓര്‍ത്തു ഞാന്‍ ഉള്ളാലെ ചിരിച്ചു. വീട്ടില്‍ ചെന്നിട്ടു വേണം എനിക്കെന്റെ കണക്കു ചോദിക്കാന്‍. ഞാന്‍ എനിക്കെത്ര, ചേച്ചിക്ക് എത്ര എന്ന് കണക്കു കൂടി നോക്കി. ചേച്ചിക്കാ കുറവ്, അതവള് സമ്മതിക്കൂല്ല. സാരല്ല്യ ഒരെണ്ണം ചേച്ചി കൂടുതല്‍ എടുത്തോട്ടെ. എന്നാലും എനിക്ക് എഴെണ്ണം കിട്ടണം
വീട്ടില്‍ എത്തിയ പാടെ ഞാന്‍ പറഞ്ഞു, ഇനി എന്റെ മിട്ടായി താ, ' ഓഹ് തരാം പൊന്നേ, എന്നും പറഞ്ഞു ചേച്ചി എനിക്ക് ഒരു നാരങ്ങാ മിട്ടായി എടുത്തു നീട്ടി. ഒരെണ്ണം!!! നനഞ്ഞു ഒലിച്ച ഒരു നാരങ്ങാ മിട്ടായി !!!!. ഇത്രേം കഷ്ടപെട്ടിട്ടു എനിക്ക് ചേച്ചി തന്നതാ . എന്റെ കണ്ണുകള്‍ നിറഞ്ഞു.
'ഒരെണ്ണം ?' ഞാന്‍ ചോദിച്ചു.
' പിന്നെ , എന്റെ കയ്യി രണ്ടെണ്ണം അല്ലെ ഉണ്ടാര്നുല്ലു, അത് നീയും കണ്ടതല്ലേ ?' കയ്യിലെ ചുവപ്പും മഞ്ഞയും നിറങ്ങള്‍ നക്കുന്നതിനിടയില്‍ ചേച്ചി പറഞ്ഞു. അവള് പൊട്ടന് കളിക്കുകയാണ് . പരാതി നേരെ അമ്മയുടെ അടുക്കലെത്തി . അമ്മ ചോദിച്ചപ്പോള്‍ അവള് ഒരു വളിച്ച ചിരി ചിരിച്ചു കൊണ്ടു പറഞ്ഞു, ' അതേയ് അമ്മേ, അത് ഞാന്‍ തിന്നു പോയി'
' എന്റെ മോന് കരയണ്ടാട്ടോ അമ്മ നിനക്കു വേറെ വാങ്ങി തരാം.' അമ്മ പറഞ്ഞു. അത് നടക്കാന്‍ പോണില്ല എന്നെനിക്കു നന്നായറിയാം . കാരണം അന്ന് അരി വാങ്ങാന്‍ വരെ വീട്ടില്‍ കാശില്ല. എങ്കിലും അതില്‍ പിന്നെ ഞാന്‍ ചേച്ചിടെ കയ്യില്‍ സൂക്ഷിക്കാന്‍ കൊടുക്കുന്നത് നിറുത്തി. അന്നത് എന്നെ ശെരിക്കും സങ്കടപെടുതിയെങ്കിലും ഇന്നു അതൊക്കെ എത്രയോ മധുരമുള്ള ഓര്‍മകള്‍ ആണ്? ഒരു നാരങ്ങാ മിട്ടായി പോലെ നാവില്‍ വീണലിയുന്ന മധുരമുള്ള ഓര്‍മകള്‍!!
Subscribe to:
Post Comments (Atom)

9 comments:
ശരിയാണ്... കുട്ടിക്കാലത്ത് നമ്മെ വളരെയധികം ആഹ്ലാദിപ്പിയ്ക്കുകയും വളരെയേറെ വിഷമിപ്പിയ്ക്കുകയും ചെയ്തിട്ടുള്ള ഒട്ടു മിക്ക സംഭവങ്ങളും ഇന്ന് ആലോചിയ്ക്കുമ്പോള്‍ തീരെ നിസ്സാരങ്ങളായി തോന്നും.
നല്ല ഓര്‍മ്മക്കുറിപ്പ്. ആ നാരങ്ങാമിഠായിയുടെ മധുരം അനുഭവിയ്ക്കാനാകുന്നു,ഈ കുറിപ്പിലൂടെ...
:)
പഴയ ഒരു ഓര്‍മ്മയാണ്, ഇപ്പോഴും നാവില്‍ മധുരം കിനിയുന്ന ഒരു നാരങ്ങാ മിട്ടായിയുടെ ഓര്മ....
കംമെന്റ്സിനു നന്ദി ശ്രീ, ഇപ്പോഴും അതൊക്കെ ആലോചിക്കുമ്പോള്‍ എനിക്ക് ചിരി വരാറുണ്ട്
മധുരമുള്ള ഓര്‍മ്മകള്‍.....:)
ക്യൂട്ട് :)
ദുഷ്ടി ചേച്ചി. . പോട്ടെ ക്ഷമി..
എന്താന്നറിയില്ല, കുറച്ചുകാലമായി നാരങ്ങാമുട്ടായീം ഉരുണ്ട ഓറഞ്ചുമിട്ടായീം പാരീസുമുട്ടായീമൊക്കെ ഓര്‍മയില്‍ വന്നു നിറയുന്നു. കഴിഞ്ഞ മാസം വീട്ടില്‍ പോയപ്പോള്‍ ഈ മുട്ടായികളെ പറ്റിയൊക്കെ ഓര്‍ത്ത് 'നഷ്ടസ്വപ്നങ്ങളേ...'എന്ന ലൈനിലിരുന്നപ്പോഴാണ് പപ്പ ആ സന്തോഷവാര്‍ത്ത പറഞ്ഞത്. മാര്‍ക്കറ്റിലെ ഏതോ ഒരു കടയില്‍ ഇപ്പോള്‍ നാരങ്ങാമുട്ടായി കിട്ടുമത്രേ..നമ്മടെ പഴയ ആ മഞ്ഞേം ചോപ്പും മിട്ടായി. എന്റെ ആക്രാന്തം കണ്ട് അഞ്ചുപാക്കറ്റ്മുട്ടായി മേടിച്ചു തന്നു. (ഒരു പാക്കറ്റില്‍ 20 എണ്ണം). അതില്‍ ഒരു പാക്കറ്റ് ഇപ്പോഴും ബാഗില്‍ കിടപ്പുണ്ട്.അതു കഴിക്കണംന്നൊന്നും തോന്നാറില്ലെങ്കിലും ഇടയ്ക്കിടക്ക് എടുത്തു നോക്കി വെറുതെയങ്ങു സന്തോഷിക്കും :-)
കൊച്ചു ത്രേസ്യേ :)
നന്ദി ട്ടോ റോസ്, മധുരമുള്ളഓര്മകള് തന്നാ
വിന്‍സ് സ്വാഗതം.
എന്നാലും ന്റെ കൊച്ചു ത്രെസ്സ്യെ പപ്പ വാങ്ങി തന്ന അഞ്ച് പാക്കറ്റിലെ നാലെണ്ണം തിന്നു തീര്തുല്ലേ? എന്ന് വെച്ചാല്‍ മൊത്തം എണ്പതു മിട്ടായി. വെറുതെയല്ല നിനക്കു പുഴുപല്ല് വന്നേക്കണേ.
സന്തോഷം ട്ടോ കംമെന്റ്സിനു
:)
എന്നാലും അന്നതെ ആ വിഷമം .സത്യം പറ ഇന്നും ആലോചിക്കുമ്പോൾ ചെറുതായി വേധനിക്കുന്നില്ലേ... ഒരു സുഖമുള്ള നീറ്റല്‍.
Post a Comment